Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണവേദികളിൽ ലൈഫ് മിഷൻ വീടുകൾ സംസ്ഥാന സർക്കാരിന്റെ നേട്ടമായി എൽഡിഎഫ് ചിത്രീകരിക്കുന്നുണ്ടെങ്കിലും ഒന്പതു വർഷത്തിനുള്ളിൽ പണിത വീടുകളുടെ കോടിക്കണക്കിനു രൂപയുടെ കടബാധ്യത പുതുതായി ഭരണമേൽക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു ഏറ്റെടുക്കേണ്ടിവരുമെന്ന് കോണ്ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.
നാലു ലക്ഷം രൂപ ചെലവിടുന്ന ലൈഫ് വീടുകൾക്കുള്ള സംസ്ഥാന സർക്കാർ വിഹിതം ഒരു ലക്ഷം രൂപ മാത്രമാണ്. 80,000 രൂപ തദ്ദേശസ്ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്നാണ്. ഹഡ്ക്കോയിൽ നിന്നുള്ള 2.20 ലക്ഷം രൂപയുടെ കടം പൂർണമായും അഞ്ചു വർഷത്തിനുള്ളിൽ തിരിച്ചടക്കേണ്ടത് പുതിയ പഞ്ചായത്ത്, നഗരസഭാ ഭരണസമിതികളാണ്. ഇതോടെ കടക്കെണിയിലാകുന്ന തദ്ദേശസ്ഥാപനങ്ങളുടെ ഭാവി പ്രവർത്തനം സ്തംഭനത്തിലാകും.
ലൈഫ് മിഷന്റെ പകുതിയോളം വീടുകൾക്ക് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള സാന്പത്തിക സഹായമുണ്ട്. ഒരു വീടിന് നഗരങ്ങളിൽ ഒന്നര ലക്ഷം രൂപയും ഗ്രാമങ്ങളിൽ 72,000 രൂപയുമാണ്. സംസ്ഥാന സർക്കാർ വിഹിതം അര ലക്ഷം രൂപ മാത്രം. തദ്ദേശസ്ഥാപനങ്ങൾ നഗരങ്ങളിൽ രണ്ടു ലക്ഷം രൂപയും ഗ്രാമങ്ങളിൽ 2.80 ലക്ഷം രൂപയും നൽകണം.
തദ്ദേശസ്ഥാപനങ്ങൾ സിംഹഭാഗവും മുടക്കേണ്ടി വരുന്ന ഭവന പദ്ധതി സംസ്ഥാന സർക്കാരിന്റെ നേട്ടമായി എൽഡിഎഫും കേന്ദ്ര സർക്കാർ നേട്ടമായി ബിജെപിയും പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. 35 ശതമാനത്തിലധികം തദ്ദേശസ്ഥാപനങ്ങൾ പത്തുവർഷമായി ഭരിക്കുന്നത് യുഡിഎഫ് ആണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Kerala
തിരുവനന്തപുരം: സിപിഐ കുരയ്ക്കുമെന്നല്ലാതെ, കടിക്കാത്ത ഒരു അപൂർവ ജീവിയാണെന്നു കോണ്ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.
ആദർശ വേഷം കെട്ടിയാടുന്നവർ യജമാനനെ കാണുമ്പോൾ വാലാട്ടും. ഛർദിച്ചതെല്ലാം വിഴുങ്ങുകയും ചെയ്യും. 45 വർഷമായി സിപിഐയുടെ പല്ലും നഖവും എകെജി സെന്ററിൽ പണയം വച്ചിരിക്കുകയാണ്.
പിഎം ശ്രീ പദ്ധതിയിൽ സിപിഐ നിലപാട് ആത്മാർഥമാണെങ്കിൽ സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കണം. സിപിഎം ബിജെപി രഹസ്യ ബന്ധത്തെ സിപിഐ അംഗീകരിക്കുന്നുണ്ടോയെന്നാണ് അവർ വ്യക്തമാക്കേണ്ടതെന്നു ചെറിയാൻ ഫിലിപ്പ് പറഞ്ഞു.